കാത്തിരിപ്പ് വിഫലം: ചേതനയറ്റ് ദേവനന്ദ


  • കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം ഇന്നു രാവിലെ ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെടുത്തു
  • ദുരൂഹതയെന്ന് നാട്ടുകാര്‍,പഴുതടച്ച അന്വേഷണമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ
കൊല്ലം: ഇളവൂരില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദയെന്ന പൊന്നു. പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധരാണ് ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പ്രതികരിച്ചു. പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാദ്ധ്യത ഉണ്ടായിരുന്നില്ല. പൊലീസ് നായ വന്നു നിന്നത് പുഴയോരത്തെന്നും മന്ത്രി പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ഇന്നലെ രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്.അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും ആറുമാസം പ്രായമുള്ള സഹോദരനും മാത്രമായിരുന്നു വീട്ടില്‍. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കാണാതായ വിവരം നാട്ടുകാര്‍ ഒന്നടങ്കം അറിയുന്നത്. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം ഇന്ന് രാവിലെ സമീപത്തെ ആറ്റില്‍ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍