ഉദംപൂരിലെ കുട്ടികളുടെ മരണകാരണം ചുമയ്ക്കുള്ള മരുന്ന്

ശ്രീനഗര്‍: ജമ്മുവിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറില്‍ പതിനൊന്നു കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന ചുമയുടെ മരുന്നാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിഷവസ്തുവായ ഡൈഥിലീന്‍ ഗ്ലൈക്കോളിന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ത്രിപുര, മേഘാലയ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സിറപ്പിന്റെ വില്പന നിറുത്തിവച്ചു. മരുന്ന് നിര്‍മ്മാണക്കമ്പനിയുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി.കഴിഞ്ഞ ഡിസംബറിനും ജനുവരിക്കും ഇടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കസ്തംഭനത്തെ തുടര്‍ന്ന് പതിനൊന്ന് കുട്ടികള്‍ മരിച്ചു. ആറു കുട്ടികള്‍ക്ക് ഗുരുതരമായ രോഗം ബാധിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ച 11 കുട്ടികളും സിറപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. പരിശോധനയ്ക്കായി അയച്ച സിറപ്പിന്റെ സാംപിളുകളില്‍ വിഷ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ മരണം മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണെന്ന ആരോപണം ഫാര്‍മസ്യൂട്ടിക്കല്‍സ് നിഷേധിച്ചു.2019 സെപ്തംബര്‍ മുതല്‍ 2020 ജനുവരി വരെ കമ്പനി 3,400 ലേറെ കുപ്പി മരുന്നു വിറ്റിരുന്നു. 5,500 കുപ്പി സിറപ്പാണ് കമ്പനി ആകെ നിര്‍മിച്ചത്.1500 എണ്ണം വിപണിയില്‍നിന്നു തിരിച്ചുവിളിച്ചു. 60 മില്ലിലീറ്ററാണ് ഒരു കുപ്പിയുടെ അളവ്. രോഗി ഒരുതവണ 56 മില്ലിലീറ്റര്‍ വീതം കഴിക്കുമെന്ന് കണക്കാക്കിയാല്‍ പോലും 10 മുതല്‍ 12 വരെ ഡോസ് അകത്തു ചെല്ലുമ്പോഴേക്കും രോഗി മരിക്കാനിടയാകുമെന്നു ഹിമാചല്‍പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ നവനീത് മാര്‍വ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരുന്നു വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും നവനീത് അറിയിച്ചു. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങള്‍ 2014 നും 2019 നും ഇടയില്‍ ഇവരുടെ മരുന്നുകള്‍ നിരോധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍