പരസ്യ സംവാദത്തിന് തയ്യാറുണ്ടോ അമിത് ഷായെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി; കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അമിത് ഷായെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഏതു വിഷയത്തില്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ടതെന്ന് രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയണമെന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. രണ്ട് മാസത്തോളമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) പൊതുജന പ്രതിഷേധം നടക്കുന്ന ശഹീന്‍ ബാഗിന് സമീപമുള്ള റോഡുകളിലെ തടസം ബി.ജെ.പി എന്തുകൊണ്ടാണ് നീക്കാത്തതെന്നും കെജ്‌രിവാള്‍ ചോദിച്ചു. ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബി.ജെ.പി ഡല്‍ഹിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അറിയാന്‍ രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഡല്‍ഹി ജനതയ്ക്കുള്ള സൌജന്യ പദ്ധതികളെ ബി.ജെ.പി എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് താന്‍ തീരുമാനിക്കുമെന്ന് പറഞ്ഞാണ് അമിത് ഷാ ജനങ്ങളുടെ വോട്ട് തേടുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് ഒരു 'ബ്ലാങ്ക്' ചെക്ക് നല്‍കാന്‍ കഴിയുക അവര്‍ വിഡ്ഢികളല്ലെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഡല്‍ഹിയിലെ ജനങ്ങളുടെ മുമ്പാകെ ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തുറന്ന മനസോടെയും സത്യസന്ധതയോടെയും അമിത് ഷായെ ക്ഷണിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്‌രിവാള്‍ അമിത് ഷായെ വെല്ലുവിളിക്കുകയും പരസ്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെങ്കില്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പേരുകളെങ്കിലും പറയണമെന്നായിരുന്നു അമിത് ഷായോട് കെജ്‌രിവാളിന്റെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍