ആരോപണങ്ങള്‍ക്ക് ന്യായീകരണവുമായി ആഷിക് അബുവും സംഘവും

കൊച്ചി: കരുണ സംഗീത നിശ വിവാദത്തില്‍ പരിപാടിയുടെ മുഴുവന്‍ കണക്കുകളും വരവ് ചെലവും പുറത്തുവിട്ട് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. കൊച്ചി ആസ്ഥാനമാക്കി ഒരു രാജ്യാന്തര സംഗീത മേള വര്‍ഷം തോറും നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കെ.എം.എഫ് രൂപപ്പെട്ടതെന്ന് സംഘടനയുടെ പ്രസിഡന്റായ ബിജിബാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയില്‍ ബിജിബാലിനൊപ്പം ഷഹബാസ് അമന്‍, ആഷിക് അബു, സിത്താര കൃഷ്ണകുമാര്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. ഫണ്ട് റൈസിംഗ് പരിപാടിയായിരുന്നു എന്നു തന്നെ സംഗീത നിശയെ വിശഷേിപ്പിക്കാമെന്ന് ബിജിബാല്‍ പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സംഗീത നിശയുടെ കണക്കുകളും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടുമുണ്ട്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് ഇന്‍വോയിസ്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഇന്‍വോയിസ്, പരസ്യ ഏജന്‍സി ഇന്‍വോയിസ്, ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച തുകയുടെ രേഖകള്‍, മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഫോട്ടോസ്റ്റാറ്റ് എന്നിവ സംഘടന അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കലാപരമായി വന്‍ വിജയമായിരുന്ന പരിപാടി പക്ഷേ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെന്നും ബിജിബാല്‍ വെളിപ്പെടുത്തി. 23 ലക്ഷം രൂപയാണ് ആകെ ചിലവായത്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം സൗജന്യമായി ലഭിച്ചു. മീഡിയ പബ്ലിസിറ്റിയും നല്ലരീതിയില്‍ ലഭിച്ചു. അതെല്ലാം സൗജന്യമായി തന്നെയാണ് ലഭിച്ചത്. എന്നിരുന്നാലും പരിപാടി അവതരിപ്പിച്ചവരില്‍ പ്രമുഖ കലാകാരന്‍മാരല്ലാത്ത മറ്റ് സാധാരണ ഗിറ്റാറിസ്റ്റുകള്‍ പോലുള്ള വാദ്യകലാകാരന്‍മാര്‍ക്കും എല്ലാം പ്രതിഫലം നല്‍കേണ്ടതുണ്ടായിരുന്നു. താമസം, ഭക്ഷണം, യാത്രാച്ചിലവ്, സെറ്റ് പ്രൊപ്പര്‍ട്ടികള്‍ക്കുള്ള ചിലവ്, അവതാരകര്‍ക്ക്, നല്ല രീതിയില്‍ പരിപാടി കവര്‍ ചെയ്ത ക്യാമറ ടീമിന് എല്ലാം പ്രതിഫലം നല്‍കണമായിരുന്നു. 23 ലക്ഷം രൂപയില്‍ ഇനിയും രണ്ടു ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ടെന്നും ബിജിബാല്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍