ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ജനപ്രതിനിധികള്‍ ആകുന്നത് തടയണം: ടിക്കാറാം മീണ

 നെടുങ്കണ്ടം: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ജനപ്രതിനിധികളാകുന്നത് തടയാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കുറ്റവാളികളെ അധികാരത്തില്‍നിന്നും അകറ്റിനിര്‍ത്തിയാലേ ജനാധിപത്യത്തിന്റെ വിശുദ്ധി കത്തുസൂക്ഷിക്കാന്‍ കഴിയൂ. സ്ഥാനാര്‍ഥികളുടെ മുഖം നോക്കാതെ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യുന്ന അന്ധമായ വിധേയത്വം ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും മീണ പറഞ്ഞു. നെടുങ്കണ്ടം എംഇഎസ് കോളജില്‍ ഗാന്ധി സ്മൃതിയുടെ ഭാഗമായി ഭാഷാവിഭാഗങ്ങളും യുഎന്‍എഐയും ചേര്‍ന്ന് 'പ്രാതിനിത്യ ജനാധിപത്യം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ കേസ് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണം എന്നതും ഇവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം എന്നതും സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധിയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത് ശക്തമായി നടപ്പിലാക്കി. രാഷ്ട്രീയത്തെ കുറ്റവിമുക്തമാക്കുവാനുള്ള ഈ നിര്‍ദേശം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കണിശതയോടെ നടപ്പിലാക്കും. ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഒരുവിഭാഗത്തിനുവേണ്ടി മാത്രമുള്ള നാടല്ല നമ്മുടേത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മതത്തിനേക്കാള്‍ നല്ല പുസ്തകമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മീണ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രഫ. എ.എം റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ. അബ്ദുള്‍ റസാഖ്, ഡോ. എ.എസ്. സുമേഷ്, ഷംലാല്‍ എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍