ട്രംപ് എത്തി; ഊഷ്മള സ്വീകരണം

ഇന്ന് രാവിലെ 11.40ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു 

അഹമ്മദാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി.ഇന്ന് 11.40ന് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തി. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നെര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ ട്രംപും മോദിയും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 1.05ന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ 'നമസ്‌തേ ട്രംപ് ' പരിപാടി. തുടര്‍ന്ന് ആഗ്രയിലേക്കു പോകുന്ന ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചശേഷം രാത്രിയോടെ ഡല്‍ഹിയിലെത്തും. ഇന്ത്യയിലേക്കുള്ളത് വലിയ യാത്രയായാണ് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ട്രംപ് യാത്രയ്ക്കു തൊട്ടുമുന്‍പ് പ്രതികരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയം ഉത്ഘാടനമാണ് ട്രംപിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി. ശേഷം താജ് മഹല്‍ സന്ദര്‍ശിക്കും. ഒരു ലക്ഷത്തി പതിനായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉത്ഘാടനം ചെയ്യും. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ട്രംപ് ഇന്ത്യന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഡല്‍ഹിയിലെ ഹൈറാദാബാദ് ഹൌസില്‍ വെച്ചാണ് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക. ഇതിന് ശേഷം സംയുക്ത പ്രസ്താവന നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് മടങ്ങി പോകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍