ഇടുക്കി നിര്‍മാണനിയന്ത്രണം സംസ്ഥാനം മുഴുവന്‍ ബാധകം

കൊച്ചി: ഭൂപതിവു നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പതിച്ചുനല്‍കിയ ഭൂമിയിലെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ നിയന്ത്രണം സംസ്ഥാനത്തു മുഴുവനായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടുക്കിയില്‍ മാത്രമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് സംസ്ഥാനം മുഴുവനും ബാധകമാണെന്നു ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ക്കു റവന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണം. പട്ടയഭൂമിയിലെ വാണിജ്യ നിര്‍മാണപ്രവൃത്തി തടയാന്‍ ഉത്തരവ് തദ്ദേശഭരണ സെക്രട്ടറി ഉടന്‍ പുറത്തിറക്കണം. ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലുള്ള പട്ടയഭൂമിയില്‍ നിര്‍മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കി 2019 സെപ്റ്റംബര്‍ 25നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു സംസ്ഥാനത്താകെ ബാധകമാക്കാനാണു ഹൈക്കോടതി നിര്‍ദേശം. കെട്ടിടനിര്‍മാണത്തിന് അനുമതി തേടിയുള്ള അപേക്ഷ വില്ലേജ് അധികൃതര്‍ തള്ളിയതിനെതിരേ ഇടുക്കി മുട്ടുകാട് സ്വദേശിനി ലാലി ജോര്‍ജ് നല്‍കിയ ഹര്‍ജിയാണു സിംഗിള്‍ ബെഞ്ച് പരിഗണനയിലുള്ളത്. പട്ടയഭൂമിയിലെ നിര്‍മാണത്തിനു ബില്‍ഡിംഗ് പെര്‍മിറ്റിനായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കുമ്പോള്‍ ഏതാവശ്യത്തിനാണു പട്ടയം നല്‍കിയതെന്നു വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് 2019 സെപ്റ്റംബര്‍ 25 ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പലപ്പോഴും കെട്ടിടം നിര്‍മിച്ചതിനു ശേഷമാണ് നിര്‍മാണം പട്ടയ വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്നു റവന്യൂ വകുപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് ഭൂവുടമ നടപടി നേരിടേണ്ടിവരികയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ വില്ലേജുകളിലെ പട്ടയ ഭൂമിയിലെ നിര്‍മാണപ്രവൃത്തികള്‍ക്കു വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍