സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഗുരുതരം:ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. വരുമാനത്തില്‍ 12,000 കോടി രൂപയുടെ കുറവ് വരും. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആറുവര്‍ഷമായി സംസ്ഥാനത്തിന്റെ ചെലവില്‍ പ്രതിവര്‍ഷം 15 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. അതേസമയം വരുമാനത്തിലുണ്ടായത് 10 ശതമാനം വര്‍ധന മാത്രമാണ്. നടപ്പു സാമ്പത്തികവര്‍ഷം നവംബര്‍ വരെ സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനം 55,747 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.32 ശതമാനം മാത്രം വളര്‍ച്ച. നികുതി വരുമാനത്തില്‍ 1.3 ശതമാനവും നികുതിയിതര വരുമാനത്തില്‍ 19.22 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്.
എന്നാല്‍, കേന്ദ്രനികുതി വിഹിതത്തില്‍ 1.63 ശതമാനത്തിന്റെയും ഗ്രാന്റില്‍ 12.84 ശതമാനത്തിന്റെയും കുറവുണ്ടായി. ആകെ ചെലവില്‍ 0.88 ശതമാനത്തിന്റെ ഉയര്‍ച്ചയും ഇക്കാലയളവില്‍ ഉണ്ടായി. ധനകമ്മി മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.63 ശതമാനം വര്‍ധിച്ചപ്പോള്‍ റവന്യു കമ്മിയില്‍ 8.41 ശതമാനത്തിന്റെ കുറവുണ്ടായി.
സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി, ജിഎസ്ടി വിഹിതങ്ങളില്‍ 4000 കോടിയുടെ അടക്കം ആകെ 12,000 കോടിയുടെ കുറവുണ്ടാകും. ജിഎസ്ടി പിരിവുകള്‍ ഊര്‍ജിതമാക്കും.
പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലെ അംഗീകൃത കരാറുകാരുടെ ബില്ലുകള്‍ പാസാക്കുന്നത് അടുത്തവര്‍ഷത്തേക്ക് നീട്ടേണ്ടിവരും. പാര്‍ലമെന്റ് ധനകാര്യ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 5,337 കോടി രൂപ നികുതിവിഹിതമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യം 15,323 കോടി റവന്യു കമ്മി ഗ്രാന്റായി കിട്ടിയിട്ടുണ്ട്.
എം.സി. കമറുദ്ദീന്‍, പി. ഉബൈദുള്ള, കെ.എന്‍.എ. ഖാദര്‍, മഞ്ഞളാംകുഴി അലി, കെ. വി. ജയദാസ്, ജയിംസ് മാത്യു, സി.കെ. ഹരീന്ദ്രന്‍, കെ. ദാസന്‍, വി.എസ്. ശിവകുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍