പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക് പ്രത്യേക കോടതി ആറ്റിങ്ങലിലും

ആറ്റിങ്ങല്‍ : പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക് പ്രത്യേക കോടതി ആറ്റിങ്ങലിലും ആരംഭിക്കാന്‍ നടപടികളായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി കേരളത്തിലെ 28 സ്ഥലങ്ങളില്‍ അതിവേഗ കോടതികള്‍ക്ക് ശിപാര്‍ശ ചെയ്തു. ജില്ലയില്‍ നാല് കോടതികളാണ് ഇത്തരത്തില്‍ അനുവദിച്ചത്. ഇതിലൊന്നാണ് ആറ്റിങ്ങലിലേത്. ബി.സത്യന്‍ എംഎല്‍എ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടിന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. തസ്തികകളും അനുവദിച്ചു. നിലവില്‍ ആറ്റിങ്ങല്‍ കോര്‍ട്ട് സെന്ററില്‍ കെട്ടിടം ഒഴിവില്ലാത്തതിനാല്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ ഏറ്റെടുക്കും. നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഇന്ന് ആറ്റിങ്ങല്‍ബാര്‍ അസോസിയേഷന്‍ ഹാള്‍ സന്ദര്‍ശിക്കും. കുടുംബ കോടതി അനുവദിച്ചപ്പോഴും ബാര്‍ അസോസിയേഷന്‍ ഹാളിലാണ് ആരംഭിച്ചത്. പുതിയ മന്ദിരം വന്നപ്പോള്‍ വീണ്ടും ഹാള്‍ ഒഴിയുകയും അസോസിയേഷന്‍ പ്രവര്‍ത്തനം ഇതില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയില്‍ അസോസിയേഷന്‍ ഹാള്‍ പോക്‌സോ കോടതിക്കായി ഏറ്റെടുക്കും. ജഡ്ജി ഉള്‍പ്പെടെയുള്ള തസ്തികകളും അനുവദിച്ചിട്ടുണ്ട്. കോടതികളില്‍ നിന്നും വിരമിച്ചവരെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത തസ്തികകളില്‍ നിയമിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍