ഡല്‍ഹി അശാന്തം,മരണം ഏഴ്

  • ഉന്നതതല യോഗം വിളിച്ച് അമിത് ഷായും കെജ്‌രിവാളും

  • നിരോധനാജ്ഞ തുടരുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മരണം ഏഴായി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡല്‍ഹി പൊലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ആണ്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്നും കല്ലേറുണ്ടായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ മൗജ്പൂര്‍, ബ്രാഹ്മപുരി ഏരിയയിലാണ് അക്രമികള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലെറിഞ്ഞത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസ് അര്‍ദ്ധ സൈനിക സേനവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കഴിഞ്ഞദിവസം പൗരത്വ നിയമ അനുകൂലികള്‍ അക്രമിക്കുകയായിരുന്നു. അനുകൂലികള്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുമ്പാണു ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭജന്‍പുര്‍, മൗജ്പുര്‍, കര്‍ദം പുരി എന്നിവിടങ്ങളാണു സംഘര്‍ഷമുണ്ടായത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അഗ്‌നിശമന വാഹനത്തിനും രണ്ടു വീടുകള്‍ക്കും അക്രമികള്‍ തീയിട്ടു. ഭജന്‍പുരില്‍ അക്രമികള്‍ പെട്രോള്‍ പമ്പിനും തീയിട്ടു. മൗജ്പുരിലും ഭജന്‍പുരിലും വാ ഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 10 ഇടങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘര്‍ഷത്തെത്തുടര്‍ന്ന് ജാഫ റാബാദ്, മൗജ്പുര്‍ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. സംഘര്‍ഷ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പോലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാറ്റിവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍