ശബരിമല യുവതി പ്രവേശം: വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് ഫാലി എസ് നരിമാന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ച് രൂപീകരിച്ച നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ രംഗത്ത്. സുപ്രീം കോടതിയിലാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്ത് ഫാലി എസ് നരിമാന്‍ രംഗത്തെത്തിയത്. ശബരിമല പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടിട്ടില്ലെന്നും, നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന കേസുകളിലാണ് കോടതി ഇടപടേണ്ടതെന്നും നരിമാന്‍ കോടതിയില്‍ വാദമുയര്‍ത്തി. സ്വന്തം നിലയ്ക്കാണ് ഫാലി എസ് നരിമാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ പരിഗണിക്കുന്നത് ശബരിമല പുനപരിശോധന ഹര്‍ജികളല്ല മറിച്ച് ഭരണഘടനാപരമായ വിഷയങ്ങളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമാനമായ വിഷയങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് വിശാലബെഞ്ച് ഇന്ന് അന്തിമ രൂപം നല്‍കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളാണ് ഇന്ന് വിശാലബെഞ്ച് നിശ്ചയിക്കുക. ശബരിമലയ്ക്ക് പുറമെ മറ്റു മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ പ്രധാനവിഷയങ്ങളാണ് പരിഗണനയില്‍ വരുന്നത്.പരിഗണനാ വിഷയത്തില്‍ സമവായത്തിലെത്താന്‍ മുതിര്‍ന്ന അഭിഭാഷകരെ കോടതി ചുമതലപ്പെടുത്തിയിരുന്നു .എങ്കിലും വിഷയത്തില്‍ അന്തിമരൂപം ഉണ്ടാക്കാനോ സമവായത്തിലെത്താനോ സാധിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, വി ഗിരി, അരവിന്ദ് ദത്താര്‍, ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍