മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

 തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമം നടത്തിയെന്ന് തിരുവനന്തപുരം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിന്റെ തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചു. ആദ്യം വാഹനമോടിച്ചത് താനല്ലെന്ന് വരുത്താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയിലും കിംസിലും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് കിംസിലേക്ക് പോയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ.എം. ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍