പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍; കേസെടുക്കാന്‍ ആവശ്യമായ തെളിവു തേടി വിജിലന്‍സ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിഎസ്‌സി പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ നടത്തുകയും ക്ലാസെടുക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ തേടി വിജിലന്‍സ്. തമ്പാനൂരിലും വെഞ്ഞാറമൂട്ടിലുമുള്ള മൂന്നു സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും തുടര്‍ന്നുള്ള മൊഴിയെടുപ്പുകളിലും ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിക്കുകയാണു വിജിലന്‍സ് സംഘം. കേസെടുത്ത് അന്വേഷിക്കുന്നതിന് ആവശ്യമായ തെളിവു ലഭിച്ചാല്‍ ഈ ആവശ്യം ഉന്നയിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളില്‍ കേസെടുക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലിഭിച്ചില്ലെന്നാണ് വിവരം. വിജിലന്‍സ് പരിശോധന നടത്തുന്നതിനിടയില്‍ പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുകയായിരുന്ന അഗ്‌നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം സമര്‍പ്പിച്ചിട്ടുണ്ട്. ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുത്തും സര്‍ക്കാരില്‍ നിന്ന് അനുമതി തേടിയുമാണ് ക്ലാസെടുക്കുന്നതെന്നുമാണു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇവരില്‍ ചിലരുടെ അവധി സംബന്ധിച്ചു കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്നും അന്വഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവരില്‍ ചിലര്‍ ജോലിക്ക് തടസമാകാത്ത തരത്തില്‍ ക്ലാസെടുക്കുന്നതിനുള്ള അനുമതിയാണ് നേടിയിട്ടുള്ളത്. ഇതു സംബന്ധിച്ചും വിശദമായി പരിശോധന നടത്തുന്നുണ്ട്. പരിശോധന നടത്തിയ പരിശീലന സ്ഥാപനങ്ങളുമായി ബന്ധമുള്ള ഏതാനുംപേരില്‍ നിന്ന് വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു. പരിശോധന നടന്ന സ്ഥാപനത്തിലൊന്നിന്റെ#ൊ ഉടമകളിലൊരാളുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സ്ഥാപനത്തില്‍ ക്ലാസെടുത്തിരുന്ന ഇദ്ദേഹം അവധിയെടുത്തിരുന്നുവെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍, ദീര്‍ഘകാല അവധി ലഭിക്കും മുന്‍പു തന്നെ ഇദ്ദേഹത്തിനു സ്ഥാപനവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍