പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കും: കെ.കെ.ശൈലജ

തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയാറാക്കിയ തുണിസഞ്ചി നിര്‍മാണ യൂണിറ്റ്, സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്നും ലഭിച്ച 20 ചര്‍ക്കകള്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സ്‌നേഹസദ്യയും ഇതോടൊപ്പം സംഘടിപ്പിച്ചു. ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യത്തിനും സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ മാനസികാരോഗ്യ ചികിത്സാരംഗത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 150 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ മാനസികാരോഗ്യ കേന്ദ്രത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ് ജഡ്ജ് എ. ജൂബിയ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, കൗണ്‍സിലര്‍ പി.എസ്. അനില്‍ കുമാര്‍, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എല്‍. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍