ഐ പി എല്‍; ടീമുകള്‍ സജീവ ഒരുക്കത്തിലേക്ക്

 മുംബൈ: 13ാമത് ഐപിഎല്‍ സീസണിന്റെ കേളികൊട്ടുയര്‍ത്തി ടീമുകള്‍ തങ്ങളുടെ ഫിക്‌സ്ചറുകള്‍ പ്രസിദ്ധപ്പെടുത്തി. ഈ സീസണ്‍ ഐപിഎലിന്റെ ലീഗ് റൗണ്ട് ഫിക്‌സ്ചറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. മാര്‍ച്ച് 29ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മേയ് 24നാണ് ഫൈനല്‍. എന്നാല്‍, നോക്കൗട്ട് മത്സരങ്ങളുടെ തീയതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മേയ് 17 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ലീഗ് റൗണ്ടിലെ അവസാന മത്സരം. രാത്രി എട്ടിനാണ് മത്സരങ്ങള്‍. ഉദ്ഘാടനദിനം ഒഴികെയുള്ള ഞായറാഴ്ചകളില്‍ രണ്ട് മത്സരം വീതമുണ്ട്. ഞായറാഴ്ചകളിലെ ആദ്യ മത്സരം വൈകുന്നേരം നാലിന് ആരംഭിക്കും. അതിനിടെ അടുത്ത മാസം ഒന്നാം തീയതി എം.എസ്. ധോണി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി മാര്‍ച്ച് ഒന്ന് മുതല്‍ രണ്ടാഴ്ചക്കാലം ചെന്നൈയില്‍ പരിശീലനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നാല്, അഞ്ച് തീയതികളില്‍ നാട്ടിലേക്ക് മടങ്ങുന്ന ധോണി, സീസണിന്റെ തുടക്കത്തിനു മുമ്പ് തിരികെയെത്തും. സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു എന്നിവര്‍ കഴിഞ്ഞ മൂന്നാഴ്ചയോളം ചെന്നൈയില്‍ പരിശീലനം നടത്തിയിരുന്നു. അടുത്ത മാസം പത്താം തീയതിയാണ് ഔദ്യോഗികമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാമ്പ് ആരംഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍