സൈബര്‍ യുഗത്തില്‍ വിദ്യാര്‍ഥികള്‍ ജാഗരൂകരാകണമെന്ന് ജില്ലാ പോലീസ് മേധാവി

നിലമ്പൂര്‍: സൈബര്‍ സുരക്ഷ പോലീസ് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീം. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ മനസിലാക്കാനുള്ള ആര്‍ജവം വിദ്യാര്‍ഥികള്‍ക്കുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ഉന്നത വിഭ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെ നിലമ്പൂര്‍ അമല്‍ കോളജ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം കോര്‍പ്പറേറ്റ് ആന്‍ഡ് സൈബര്‍ ലോ ആന്‍ഡ് ഗവര്‍ണന്‍സ് റജിം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാമറിയാതെ തന്നെ സൈബര്‍ ലോകം നമ്മെ കെണിയില്‍പ്പെടുത്തും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവേകപൂര്‍വം മാത്രമേ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പാടുള്ളു. ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടിക നീണ്ടു കിടക്കുകയാണ്. പരസ്പരം ഫോട്ടോകളുടെയും മറ്റും സ്വകാര്യ ഷെയറിംഗ് മൂലം പിന്നീട് അപമാനം നേരിട്ട വിദ്യാര്‍ഥിനികളുമായി ബന്ധപ്പെട്ട കേസുകളും വര്‍ധിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.വി.അലി മുബാറക് അധ്യക്ഷത വഹിച്ചു. ഗുഡ് വിന്‍സ് ലോ കോര്‍പ്പറേഷന്‍ യുഎഇ മാനേജിംഗ് പാര്‍ട്ണര്‍ പി.വി.ഷഹീന്‍ മുഖ്യ പ്രഭാഷണം നടത്തി.സെമിനാര്‍ ഇന്നു സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍