നഷ്ടത്തിന്റെകണക്ക് പറഞ്ഞ് ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ല: മന്ത്രി ടി.പി. രാമകൃഷ്ണന്‍

താമരശേരി: നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂനൂര്‍ ജിഎംയുപി സ്‌കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം ഒരു വില്‍പ്പന ചരക്കായി മാറരുത്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖല പരിഗണിക്കരുത്. വിദ്യാഭ്യാസത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വലിയ പോരാട്ടമാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും നടത്തുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയവര്‍ക്ക് അഭിമാനിക്കാവുന്ന സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.വി. പത്മനാഭന്‍ പഠനോത്സവ സന്ദേശവും പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ വി. മധു നാമ്പ് വിശദീകരണവും നല്‍കി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഉസ്മാന്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് അംഗം പി. സാജിദ, എസ്എസ്‌കെ ഡിപിഒ വി. വസീഫ്, ബാലുശേരി എഇഒ എം. രഘുനാഥ്, ബിപിഒ ഡിക്ടമോള്‍, പൂനൂര്‍ ജിഎംയുപി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഒ.കെ.സാദിഖ്, പിടിഎ വൈസ്പ്രസിഡന്റ് ടി. സുബൈര്‍, എംപിടിഎ കണ്‍വീനര്‍ കെ. ജസീദ, എ.കെ.ഗോപാലന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ.അബൂബക്കര്‍, കെ.ശാദില്‍, എസ്എസ്‌കെ ഡിപിസി എ.കെ. അബ്ദുല്‍ഹക്കീം, എസ്എസ്‌കെ ബാലുശേരി ബിപിസി ടി.കെ. അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍