കൊറോണ: സാമ്പത്തിക മാന്ദ്യത്തെ ഭയന്ന് ചൈന നിരോധനങ്ങള്‍ നീക്കാന്‍ നിര്‍ബന്ധിതരാകുന്നു

ബെയ്ജിംഗ്/ഹോങ്കോംഗ്: കൊറോണ വൈറസ് രോഗബാധയുടെ പേരിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും വേഗം നീക്കാന്‍ ചൈനീസ് അധികാരികള്‍ നിര്‍ബന്ധിക്കുന്നു. പട്ടണങ്ങളിലെ യാത്രാ നിരോധനവും ഗതാഗത നിയന്ത്രണവും നീക്കാന്‍ ഭരണത്തിന്റെ അത്യുന്നത കേന്ദ്രത്തില്‍നിന്നുതന്നെ സമ്മര്‍ദം ചെലുത്തുകയാണ്.
രോഗബാധയുടെ പേരില്‍ സാമ്പത്തിക തളര്‍ച്ച വരരുത് എന്ന കര്‍ശന നിലപാടാണു ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ചിന്‍പിംഗ് എടുത്തത്. കഴിഞ്ഞയാഴ്ച പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഷി ഇതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കി. രോഗബാധ തടയാനെന്ന പേരില്‍ എടുക്കുന്ന നടപടികള്‍ സാമ്പത്തികവളര്‍ച്ചയെ തടയരുതെന്ന കര്‍ശന സന്ദേശമാണ് ഷി നല്‍കിയത്.
ഈ തിങ്കളാഴ്ച ഫാക്ടറികളും ഓഫീസുകളും തുറന്നെങ്കിലും വളരെ കുറച്ചു സ്ഥാപനങ്ങളിലേ ആവശ്യത്തിനു ജോലിക്കാര്‍ എത്തിയുള്ളൂ. തൊഴിലാളികള്‍ വരാത്തതുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളായിരുന്നു ഭൂരിപക്ഷം.
പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് 'ഈ വര്‍ഷത്തെ സാമ്പത്തികസാമൂഹിക വികസന ലക്ഷ്യങ്ങള്‍ നേടാന്‍ എല്ലാ പാര്‍ട്ടി കമ്മിറ്റികളെയും ഭരണകൂടങ്ങളെയും ആഹ്വാനം ചെയ്തു'' എന്ന രീതിയിലായിരുന്നു 'കൊറോണ വൈറസ് ബാധ ചൈനീസ് വ്യവസ്ഥിതിക്കും ഭരണസംവിധാനത്തിനും ഒരു വെല്ലുവിളി' ആണെന്നു മാത്രമേ അതില്‍ പരാമര്‍ശിച്ചുള്ളൂ. ഉത്പാദനവും മറ്റു സാമ്പത്തിക പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന രീതിയില്‍ കാര്യങ്ങള്‍ തുടരരുതെന്നും ഏറ്റവും വേഗം എല്ലാവരും തൊഴിലുകളിലേക്കു മാറണമെന്നുമുള്ള താത്പര്യമാണ് ആ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. തിങ്കളാഴ്ച ഔദ്യോഗിക പത്രം 'പപ്പിള്‍സ് ഡെയിലി'' ജനങ്ങളോട് വൈറസ് ബാധയെ പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കാന്‍ ആഹ്വാനം ചെയ്തു.
നാല്പതിനായിരത്തിലേറെ പേരെ ബാധിക്കുകയും ആയിരത്തിലേറെപ്പേരുടെ ജീവനെടുക്കുകയും ചെയ്ത രോഗബാധ തടയുന്നതിനേക്കാള്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയാണ് പ്രധാനം എന്ന സന്ദേശമാണു ചൈനീസ് അധികാരികള്‍ നല്കിയത്. ഇതു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്കു വഴിതെളിച്ചു.
ഇതോടൊപ്പം രോഗബാധ പടര്‍ന്നതിന്റെയും മരണസംഖ്യ കൂടിയതിന്റെയും ഉത്തരവാദിത്വം പ്രാദേശിക ഉദ്യോഗസ്ഥരുടെമേല്‍ ചുമത്തി ചൈനീസ് ഭരണകൂടം കൈകഴുകി.
വുഹാനിലെ ഹെല്‍ത്ത് കമ്മീഷനിലെ രണ്ടു പ്രമുഖരെ കഴിഞ്ഞദിവസം നീക്കംചെയ്തു. വുഹാന്‍ മേയറുടെയും പ്രാദേശിക പാര്‍ട്ടി സെക്രട്ടറിയുടെയും കസേരകള്‍ തെറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍