കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും കരുതലായി മാതൃ ശിശു സംരക്ഷണ കാര്‍ഡ്

മലപ്പുറം: കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വഴികാട്ടിയായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ മാതൃ ശിശു സംരക്ഷണ കാര്‍ഡ്. 'ആര്‍ദ്രം മാതൃത്വം അമൂല്യ ബാല്യം' എന്ന പേരിലാണ് പുസ്തക രൂപത്തിലുള്ള പുതിയ കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഗര്‍ഭകാലത്തെ പരിചരണം മുതല്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്നതുവരെയുള്ള കാലഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ശാസ്ത്രീയമായ വിവരണം ആകര്‍ഷകമായ ഗ്രാഫുകളുടെയും ചിത്രങ്ങളുടെയും പശ്ചാത്തലത്തില്‍ കാര്‍ഡിലുണ്ട്. ജനനം മുതലുള്ള ആദ്യത്തെ ആയിരം ദിനങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറയെന്നും ഈ കാലയളവില്‍ കുഞ്ഞിനു ആദ്യ ആറു മാസം വരെ മുലപ്പാല്‍ മാത്രവും തുടര്‍ന്നുള്ള നാളുകളില്‍ മുലപ്പാലിനൊപ്പം പോഷക സമൃദ്ധമായ ഭക്ഷണവും നല്‍കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ഗര്‍ഭിണികളുടെ ഭക്ഷണക്രമം, പ്രസവാനന്തര കാലത്ത് അയണ്‍ ഗുളികയും കാത്സ്യം ഗുളികകളും കഴിക്കേണ്ടതിന്റെ പ്രാധാന്യം, വ്യായാമം, സുരക്ഷിത പ്രസവം, സാധാരണ പ്രസവം കൊണ്ടുള്ള മെച്ചങ്ങള്‍, ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമുള്ള സൗജന്യ ചികിത്സ, പ്രസവാനന്തര പരിചരണം, നവജാത ശിശു പരിചരണം, ആദ്യ പ്രസവത്തിനുള്ള ധനസഹായ വിശദാംശങ്ങള്‍, കുട്ടിയുടെ വളര്‍ച്ച ഘട്ടങ്ങള്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം മൂന്ന് വയസു വരെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഉണ്ടാകേണ്ട ഭാരം, അപകട സൂചനകള്‍, കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ മാതൃ ശിശു സംരക്ഷണ കാര്‍ഡെന്ന് ആര്‍സിഎച്ച് ( റീ പ്രൊഡക്റ്റീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ) ജില്ലാ ഓഫീസര്‍ ഡോ. വി.പി രാജേഷ് പറഞ്ഞു. സംയോജിത മാതൃ സംരക്ഷണ ശിശുവികസന സേവനങ്ങള്‍ ലഭിക്കുന്നതിനായുള്ള ഫോറവും സന്പൂര്‍ണ മാതൃ ശിശു സംരക്ഷണ കാര്‍ഡിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍