കര്‍ണാടക: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍

 ബംഗളൂരു: കര്‍ണാടകയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികളെ മാര്‍ച്ച് 2വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ കോടതിയിലെത്തിച്ചപ്പോള്‍ ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായി.വിദ്യാര്‍ത്ഥികളുമായി പൊലീസ് കോടതി പരിസരത്തെത്തിയപ്പോള്‍ ഭാരത് മാതാ വിളികളുമായി നൂറുകണക്കിനാളുകള്‍ പരിസരത്ത് തടിച്ചുകൂടി. ഇതില്‍ ചിലരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പൊലീസ് ശ്രമപ്പെട്ട് ഇവരെ പൊലീസ് ബസില്‍ എത്തിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുകയും പാക് സൈന്യത്തിന്റെ ചിത്രങ്ങള്‍ പശ്ചാത്തലമാക്കി പാട്ട് പാടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്തായതിനെ തുടര്‍ന്നാണ് മൂവരും അറസ്റ്റിലാകുന്നത്. സ്വകാര്യ കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണിവര്‍.എ.ബി. വി.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ കോളേജിലെത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം ലഭിച്ചെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് ഞായറാഴ്ച ഹുബ്ബള്ളിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലും വലത് സംഘടനകള്‍ പ്രക്ഷോഭം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍