ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും ട്രംപിന്റെ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.
വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും അമേരിക്കന്‍ പ്രസിഡന്റിന്റേത്. ഇന്ത്യ അമേരിക്ക സൗഹൃദം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ഊട്ടി ഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഇന്ത്യയും അമേരിക്കയും. വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം സഹകരിക്കുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്‍മാരില്‍ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യാ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നെന്നും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്.50 ലക്ഷത്തിലധികം പേരാണ് ഇന്ത്യയില്‍ വിമാനത്താവളത്തില്‍ എന്നെ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലേക്കാണ് ജനങ്ങള്‍ എന്നെ ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ' ട്രംപ് പറഞ്ഞു. ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ വ്യാപാരക്കരാര്‍ ഒപ്പ് വയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ മാസം 24, 25 തീയതികളിയാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യ സന്ദര്‍ശിക്കുന്നത്. അമേരിക്കയില്‍ നടന്ന 'ഹൗഡി മോദി' ഷോയ്ക്ക് സമാനമായി അഹമ്മദാബാദില്‍ നടക്കുന്ന പരിപാടിയില്‍ ട്രംപ് പങ്കെടുക്കും. ഗുജറാത്തിന് പുറമേ ഇരുവരും ന്യൂഡല്‍ഹി, ആഗ്ര എന്നിവിടങ്ങളും സന്ദര്‍ശിക്കും.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി അഞ്ചു ദിവസം മാത്രം ജോലി

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ഫെബ്രുവരി 29 മുതല്‍ ഇതു നടപ്പാക്കും എന്നാല്‍, ജീവനക്കാര്‍ ദിവസം 45 മിനിറ്റ് കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. സംസ്ഥാനത്തെ 20 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവില്‍ മുംബൈയില്‍ രാവിലെ 9.45 മുതല്‍ വൈകുന്നേരം 5.30 വരെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5.45 വരെയുമായിരുന്നു ജോലി സമയം. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 30 മിനിറ്റ് ഉള്‍പ്പെടെയാണിത്. പുതിയ ക്രമമനുസരിച്ച് രാവിലെ 9.45 മുതല്‍ വൈകുന്നേരം 6.15 വരെയാണു ജോലിസമയം. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ 30 മിനിറ്റ് ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ പോലീസ്, ഫയര്‍ ബ്രിഗേഡ്, ഗവ. കോളജുകള്‍, പോളിടെക്‌നിക് കോളജുകള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കു പുതിയ സമയക്രമം ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെക്കൂടാതെ രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ജീവനക്കാര്‍ക്ക് അഞ്ചു ദിവസമാണു ജോലി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍