അസൗകര്യങ്ങളുടെ നടുവില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍

ആലുവ: സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായിട്ടും ആലുവ അസൗകര്യങ്ങളുടെ നടുവില്‍.
ആളില്ലാ ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമുകള്‍ വരെയാണ് യാത്രക്കാരെ സ്വീകരിക്കാന്‍ ഇവിടെയുള്ളതെന്നാണ് പരാതി. നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്ന ആലുവയില്‍ അഞ്ച് ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും ഒന്നോ രണ്ടോ മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ.പ്ലാറ്റ്‌ഫോമില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് കാത്തിരിക്കാനും സ്ഥലമില്ല.
പതിനായിരക്കണക്കിന് യാത്രക്കാര്‍ വന്നിറങ്ങുന്ന ആലുവയില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പലയിടത്തും മേല്‍ക്കൂരയില്ല.
കനത്ത മഴയത്തും ശക്തമായ വെയിലും കൊണ്ടാണ് ലഗേജുമായി യാത്രക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്. കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കിയിരുന്ന കാന്റീന്‍ വീണ്ടും അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. കാന്റീന്റെ റോഡിനോട് ചേര്‍ന്നുള്ള ഗ്രൗണ്ട് തട്ടുകടക്കാരും ഓട്ടോറിക്ഷക്കാരും കൈയേറിയിരിക്കുകയാണ്. ചായ സ്ഥിരമായി നല്‍കുന്ന കൗണ്ടറുകളും റെയില്‍വേ സ്‌റ്റേഷനില്‍ ഇല്ല.
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍, നെടുമ്പാശേരി വിമാനത്താളം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുവാന്‍ വിദേശികളും സ്വദേശികളും ആശ്രയിക്കുന്ന ജില്ലയിലെ തന്നെ വലിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് ആലുവ. ജില്ലയില്‍ വരുമാനത്തില്‍ മൂന്നാം സ്ഥാനവുമാണ് ഉള്ളത്. പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലങ്ങള്‍ ഒരെണ്ണം മാത്രം ഉള്ളതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്ലാറ്റ്‌ഫോമിന്റെ ഒത്ത നടുക്ക് ഒരു മേല്‍പ്പാലം കൂടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍