ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീംകോടതി, പൊതുവഴി തടഞ്ഞ് നീണ്ടകാല സമരം അനുവദിക്കാനാവില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ അനിശ്ചിതകാലത്തേക്കുള്ള സമരങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.പ്രതിഷേധങ്ങള്‍ നടത്തുന്നത് തെറ്റല്ലെന്നും എന്നാല്‍ അത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത ഇടങ്ങളിലാണ് നടത്തേണ്ടതെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ പറഞ്ഞു. ഓരേ സ്ഥലത്ത് അനിശ്ചിത കാലത്തേക്ക് പ്രതിഷേധങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. എല്ലാവരും ഇത്തരത്തില്‍ തെരുവില്‍ ഇറങ്ങിയാല്‍ എന്താകും സ്ഥിതിയെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ ചോദിച്ചു.എന്നാല്‍ സമരക്കാരെ അടിയന്തരമായി നീക്കണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. മറുപക്ഷത്തിന്റെ വാദങ്ങള്‍ കേള്‍ക്കാതെ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'അന്‍പതു ദിവസത്തിലേറെയായി സമരം നടക്കുന്നു. നിങ്ങള്‍ കാത്തിരുന്നേ തീരൂ' ജസ്റ്റിസ് കൗള്‍ പറഞ്ഞു.ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഷഹീന്‍ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നിയാണ് കോടതിയെ സമീപിച്ചത്. സമാന ആവശ്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതിയിലും പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിനെ സമീപിക്കാനാണ് കോടതി ഉത്തരവിട്ടത്.
ഷഹീന്‍ ബാഗിലെ സമരത്തിനിടെ നാലു മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാന്‍ പോകുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അഭിഭാഷകരോടു ചോദിച്ചു. രക്ഷിതാക്കള്‍ സമരപ്പന്തലിലേക്കു കൊണ്ടുവന്ന മുഹമ്മദ് ജഹാന്‍ ആണ് ഡല്‍ഹിയില്‍ കനത്ത തണുപ്പ് തുടരുന്നതിനിടെ അസുഖം ബാധിച്ച് മരിച്ചത്. ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 12 വയസുകാരി സെന്‍ ഗുന്‍രതന്‍ സദവര്‍തെ, കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍