രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങുന്നവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധിച്ചു നടുത്തളത്തില്‍ ഇറങ്ങുന്ന എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ബില്ലുകളിന്മേല്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്നും സഭാ ചട്ടങ്ങള്‍ വിലയിരുത്താന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം. 267ാം ചട്ടപ്രകാരം പ്രതിപക്ഷ കക്ഷികളുടെ അടിയന്തര പ്രമേയത്തിന് ചര്‍ച്ചയ്ക്ക് നല്‍കുന്ന സമയം അര മണിക്കൂറായി നിജപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു. എല്ലാ സഭാ ചട്ടങ്ങളിലും ലിംഗ സമത്വം ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള സഭാ ചട്ടങ്ങളില്‍ പലതും പുരുഷ പക്ഷപാതപരമായതാണ്. അതിനാല്‍ സഭാ ചട്ടങ്ങളെല്ലാം തന്നെ ലിംഗ സമത്വം ഉറപ്പു വരുത്തുന്നതായിരിക്കണമെന്ന നിര്‍ദേശം സമിതി അംഗങ്ങള്‍ എല്ലാവരും തന്നെ ഐകകണ്‌ഠ്യേന അംഗീകരിച്ചു. എന്നാല്‍, പ്രതിപക്ഷ കക്ഷികളില്‍ പെട്ട എംപിമര്‍ ആരും തന്നെ സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. സമിതിയില്‍ വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍