മന്ത്രിമാര്‍ തിരുപ്പൂരിലേക്ക്, മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെത്തി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി രണ്ട് മന്ത്രിമാര്‍ തിരുപ്പൂരിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കളക്ടറുമായും സഹകരിച്ച് സാദ്ധ്യമായ എല്ലാ ആശ്വാസനടപടികളും കൈക്കൊള്ളും. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി. സി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 94950 99910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡി.ടി.ഒയുടെ നമ്പറാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍