ആയുധങ്ങളുടെ കയറ്റുമതിയില്‍ അപൂര്‍വ നേട്ടം കൈവരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വര്‍ഷങ്ങളോളം നിലനിര്‍ത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്നു ഇന്ത്യയെ പിന്തള്ളി സൗദി അറേബ്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങളുടെ ഗതി മാറി. ഇന്ത്യയില്‍ നിന്ന് 42 രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ ചോദിച്ച ചോദ്യത്തിന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 42 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധങ്ങള്‍ കയറ്റി അയയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. അസര്‍ബൈജാന്‍, സീഷെല്‍സ്, എസ്റ്റോണിയ, ഇന്തോനേഷ്യ, ഗ്വിനിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധങ്ങള്‍ കയറ്റി അയക്കുന്നത്. ഇതോടൊപ്പം ആസ്‌ട്രേലിയ, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളും ഉള്‍പ്പെടും. 5.56ഃ45എം.എം എം.കെ എന്‍ വെടിയുണ്ടകളാണ് ആസ്‌ട്രേലിയിലേക്ക് കയറ്റി അയക്കുന്നത്. സംരക്ഷിത ശിരോവസ്ത്രവും ഹാര്‍ഡ് കവച പ്ലേറ്റുകളും അസര്‍ബൈജാനിലേക്കും ഹെല്‍മെറ്റ്, ബോംബ് സ്‌ഫോടനം തടയാനുള്ള പുതപ്പ്, കവച പാനലുകള്‍ എന്നിവ ജര്‍മ്മനിയിലേക്കും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ ഗ്വിനിയയിലേക്ക് സ്ലീപ്പിംഗ് ബാഗ്, മോര്‍ട്ടര്‍ ഷെല്‍ കവര്‍ ഇസ്രയേലിലേക്ക്, ഹാര്‍ഡ് കവര്‍ പ്ലേറ്റുകള്‍ നെതര്‍ലാന്‍ഡിലേക്കും അമേരിക്കയിലേക്കും അയക്കുന്നുണ്ട്. സിംഗപ്പൂരിലേക്കുള്ള ആക്‌സസറികളുള്ള ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഹെല്‍മെറ്റുകളും, ദക്ഷിണാഫ്രിക്കയിലേക്കുള്ള ഡിറ്റണേറ്ററുകളും, തായ്‌ലന്‍ഡിലേക്കുള്ള നൈറ്റ് വിഷന്‍ ബൈനോക്കുലറുകളും ഇന്ത്യയാണ് കയറ്റുമതി ചെയ്യുന്നത്. ഖത്തര്‍, ലെബനന്‍, ഇറാഖ്, ഇക്വഡോര്‍, ഉറുഗ്വേ, ജപ്പാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ശരീര സംരക്ഷണ ഉപകരണങ്ങളും ഇന്ത്യയാണ് കയറ്റുമതി ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ആയിരത്തിലധികം ഇന്ത്യന്‍, വിദേശ കമ്പനികളെയും 40ല്‍ അധികം വിദേശ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ലഖ്‌നൗവില്‍ സംഘടിപ്പിച്ച പ്രതിരോധ എക്‌സ്‌പോ നടന്നിട്ട് ദിവസങ്ങള്‍ കഴിയുമ്പോഴാണ് പാര്‍ലമെന്റില്‍ മന്ത്രിയുടെ പ്രതികരണം. ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളേയും രാജ്യങ്ങളേയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിമൂലം ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തിന്റെ ആവശ്യത്തിനുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ വിദേശ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്കും ആയുധം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് നിലവില്‍ ഇന്ത്യ നടപ്പിലാക്കുന്നത്. ഇതിലൂടെ 2025 ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍