തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി

ലണ്ടന്‍: കോടീശ്വരനായ അനില്‍ അംബാനിയും പാപ്പരായോ അനില്‍ അംബാനി കോടതിയില്‍ പറഞ്ഞ കാര്യമാണിത്. ബാദ്ധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി വ്യക്തമാക്കി. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്.
'എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല,' അനില്‍ അംബാനി വിവരിച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനെതുടര്‍ന്ന് ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍ ആറാഴ്ചയ്ക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ (715.07കോടി രൂപ) നല്‍കണമെന്നാണ് അനില്‍ അംബാനിക്ക് ബ്രിട്ടീഷ് കോടതി നല്‍കിയ ഉത്തരവ്. കേസില്‍ വാദം പൂര്‍ത്തിയാകാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കണം.
അനില്‍ അംബാനിയില്‍നിന്ന് ലഭിക്കാനുള്ള 68 കോടി ഡോളറിനു(48606 കോടി രൂപ) വേണ്ടി മൂന്ന് ചൈനീസ് ബാങ്കുകള്‍ ബ്രിട്ടീഷ് കോടതിയില്‍ നല്‍കിയ കേസിലാണ് ഇടക്കാലവിധി. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഒഫ് ചൈന മുംബയ് ശാഖയും ചൈന ഡെവലപ്‌മെന്റ് ബാങ്കും എക്‌സിം ബാങ്ക് ഓഫ് ചൈനയുമാണ് കേസ് നല്‍കിയത്. എന്നാല്‍, റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി സമ്ബന്നനായ ബിസിനസുകാരനായിരുന്നെന്നും ഇപ്പോള്‍ ഇന്ത്യന്‍ ടെലികോം വിപണിയിലുണ്ടായ ദുരന്തപൂര്‍ണമായ സംഭവഗതികളുടെ ഫലമായി അദ്ദേഹം പാപ്പരായി എന്നും അദ്ദേഹത്തിന്റെ ആസ്തി പൂജ്യമാണെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. അംബാനിയുടെ പാപ്പരാണെന്ന വാദത്തെ കോടതി ചോദ്യം ചെയ്തു.''മിസ്റ്റര്‍ അംബാനി താന്‍ വ്യക്തിപരമായി പാപ്പരാണെന്ന് വാദിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം ഇന്ത്യയില്‍ പാപ്പരത്ത അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ'' കോടതി ചോദിച്ചു. ഇല്ലായെന്ന് അംബാനിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇതോടെ ഈ വാദം അംഗീകരിക്കുന്നില്ലെന്നു ജഡ്ജ് ഡേവിഡ് വാക്‌സ്മാന്‍ പറഞ്ഞു. തുടര്‍ന്ന് പണമടയ്ക്കാന്‍ ആറ് ആഴ്ചത്തെ സമയ പരിധി അനുവദിക്കുകയായിരുന്നു.
വിചാരണയ്ക്കു മുമ്ബായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടിവയ്‌ക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്‌സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍