ആദായനികുതി:പ്രവാസികള്‍ക്കെതിരായ വ്യവസ്ഥകള്‍ ഒഴിവാക്കണം: നിയമസഭ

തിരുവനന്തപുരം: പ്രവാസികള്‍ സാമ്പത്തിക വര്‍ഷത്തില്‍ 120 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിച്ചാല്‍ റസിഡന്റായി കണക്കാക്കി ആദായനികുതി അടയ്ക്കണമെന്ന ബഡ് ജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. കേന്ദ്ര ബഡ്ജറ്റിന്റെ ഭാഗമായ ധനകാര്യ ബില്ലിലാണ് 1961ലെ ആദായനികുതി നിയമത്തിന്റെ ആറാം വകുപ്പില്‍ അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്‍ സാമ്പത്തികവര്‍ഷത്തില്‍ 182 ദിവസമോ അതിലധികമോ ഇന്ത്യയില്‍ താമസിക്കുമ്‌ബോഴാണ് നിലവില്‍ റസിഡന്റായി കണക്കാക്കുന്നത്. നികുതി വെട്ടിപ്പ് തടയാനെന്ന നിലയില്‍ കൊണ്ടുവന്ന മാറ്റം കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ വിഭാഗം പ്രവാസികള്‍ക്ക് കുടുംബത്തോടൊപ്പം നാട്ടില്‍ തങ്ങാനാവാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി. ജയരാജന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ചെറുകിട ബിസിനസ് സംരംഭകരുടെ വരുമാനം ഗണ്യമായി കുറയ്ക്കാന്‍ ഇത് ഇട വരുത്തും. 240 ദിവസമെങ്കിലും വിദേശത്ത് തങ്ങിയാലേ അവര്‍ക്ക് നോണ്‍ റസിഡന്റ് പദവി നിലനിറുത്താനാവൂ. നിലവില്‍ ഇത് 182 ദിവസമാണ്. എണ്ണ റിക്ഷുകളിലും മറ്റും തൊഴിലെടുക്കുന്ന വ്യക്തികള്‍ ഒരു മാസം ഒഫ് ഡ്യൂട്ടിയായി നാട്ടില്‍ വരാറുണ്ട്. ഇവരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഗണ്യമായ സംഭാവന നല്‍കുന്നവരാണ് പ്രവാസി മലയാളികള്‍. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ പതിനഞ്ച് ശതമാനത്തോളം വരും ഈ പുറം വരുമാനം. ദേശീയ സാമ്പത്തിക മാന്ദ്യം കൂടി കണക്കിലെടുക്കുബോള്‍ പുതിയ ഭേദഗതി നിര്‍ദ്ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വലിയ തിരിച്ചടി നേരിടും. മറ്റേതെങ്കിലും വിദേശരാജ്യത്ത് നികുതി നല്‍കാത്ത ഇന്ത്യക്കാരനെ ഇന്ത്യന്‍ പൗരനായി കണക്കാക്കി നികുതി ചുമത്താനുള്ള നിര്‍ദ്ദേശം വ്യക്തിഗത ആദായനികുതിയോ ,ഇന്ത്യയുമായി ഇരട്ടനികുതി ഉടമ്പടിക്കരാറോ ഇല്ലാത്ത രാജ്യങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ദോഷമാണ്. സാധാരണക്കാരും പരിമിത വരുമാനക്കാരുമായ പ്രവാസികളെ നിയമഭേദഗതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, വി.ഡി. സതീശന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവര്‍ ഭേദഗതികളവതരിപ്പിച്ച് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍