കൈത്തറി മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യം: മന്ത്രി ജയരാജന്‍

കണ്ണൂര്‍: കൈത്തറി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും മാറിമാറിവരുന്ന ഫാഷനുകളും ആഡംബര സാധ്യതകളും ഉപയോഗപ്പെടുത്തി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്നും വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ സമര്‍ഥ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഹാന്‍ഡ് മെയ്ഡ് എന്ന ബ്രാന്‍ഡില്‍ മാത്രം കൈത്തറിക്ക് പിടിച്ചുനില്‍ക്കാനാകില്ല. കൈത്തറിയുടെ പ്രാധാന്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ഉത്പാദന മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ പരീക്ഷിച്ച് പ്രകൃതിദത്ത നിറങ്ങള്‍ നല്‍കി കൈത്തറിയെ ലോകോത്തര ബ്രാന്‍ഡായി മാറ്റിയെടുക്കുകയും വേണം. നിറം, ഫാഷന്‍, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് വസ്ത്രം രൂപകല്പന ചെയ്യണം. എല്ലാ കാലാവസ്ഥയിലും മനുഷ്യശരീരത്തിലെ ഊഷ്മാവിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വസ്ത്രനിര്‍മാണമാണ് ആവശ്യം. തകര്‍ന്ന കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം നല്‍കിത്തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂരില്‍ ഒരു കൈത്തറി ഗ്രാമം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. 250 കൈത്തറി തൊഴിലാളികള്‍ക്ക് ജോലിനല്‍കി അവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍