സിഎജി റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ട്: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: പോലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ ഏതോ കേന്ദ്രത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടുകള്‍ സിഎജി മറച്ചുവച്ച് വാര്‍ത്താസമ്മേളനം നടത്തിയതാണ് ഈ സംശയത്തിലേക്കു നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏതോ കേന്ദ്രത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പറഞ്ഞാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. സിഎജി റിപ്പോര്‍ട്ടിലെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ആദ്യം മുതലുള്ള കാര്യങ്ങള്‍ സിഎജി പറഞ്ഞിരുന്നെങ്കില്‍ അത് സത്യസന്ധമാണെന്നു കണക്കാക്കാമായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടുകള്‍ സിഎജി മറച്ചുവച്ചു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഗൂഡാലോചന സംശയിക്കാന്‍ വകയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.സിഎജിയുടേതായി എക്കാലത്തും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്, അതില്‍ തുടര്‍നടപടികളും നടന്നിട്ടുണ്ട്. ഇപ്പോള്‍ വിവാദമാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.അതീവ പ്രഹരശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്നാണു സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വര്‍ഷം മുന്‍പു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ അടക്കമുള്ളവര്‍ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിസ്ഥാനത്തുണ്ട്. അതേസമയം, സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പേ ചോര്‍ന്നതിനെതിരേ നടപടിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകള്‍ പരിശോധിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍