ഡ്രൈവറുടെ മോശം പെരുമാറ്റം; ടാക്‌സിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നുവെന്ന് അഹാന

കൊച്ചി:ഊബര്‍ ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടുവെന്ന് വ്യക്തമാക്കി നടി അഹാന കൃഷ്ണ രംഗത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഊബറില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചത്. അഹാനയും അമ്മയും കൊച്ചിയിലെ ഷോപ്പിങ് മാളില്‍ എത്തിയ ശേഷം മടക്കയാത്രയ്ക്ക് വേണ്ടിയാണ് ഊബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങിപ്പോന്നെന്നും ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും അഹാന പറയുന്നു. പെയ്‌മെന്റ് കാര്‍ഡ് മുഖേനയാണോ അതോ ക്യാഷായാണോ തുക നല്‍കുക എന്ന ചോദ്യത്തോടെയായിരുന്നു ഡ്രൈവറുടെ തുടക്കം. കാര്‍ഡ് ആണെന്ന് പറഞ്ഞതോടെ അത് ക്യാഷ് ആക്കി നല്‍കണമെന്നും തനിക്ക് പെട്രോള്‍ അടിക്കണമെന്നും ഡ്രൈവര്‍ പറഞ്ഞു. അല്ലെങ്കില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിക്കൊളളാനും പറഞ്ഞു. അഹങ്കാരത്തോടെയാണ് അയാള്‍ പെരുമാറിയത്. മര്യാദയ്ക്ക് പറഞ്ഞിരുന്നുവെങ്കില്‍ പണം കൊടുക്കാന്‍ തയ്യാറായിരുന്നു. ഊബറില്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് ഊബറിന്റെ വണ്ടിയല്ല, തന്റെ വണ്ടിയാണ് എന്നായിരുന്നു ഡ്രൈവര്‍ നല്‍കിയ മറുപടി. ഒടുവില്‍ കാറില്‍ നിന്ന് ഇറങ്ങാമെന്ന് തീരുമാനിച്ചു. ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ പറഞ്ഞു. ഇതുകേട്ട് അയാള്‍ എന്നാ കേറ് കൊണ്ടുവിടാം എന്ന് പറഞ്ഞു പിറകെ വന്നുവെന്നും അഹാന വ്യക്തമാക്കുന്നു. ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും അഹാന പറഞ്ഞു.തനിച്ചുളളപ്പോള്‍ രാത്രി വൈകിയാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നതെങ്കില്‍ ആരാണെങ്കിലും പേടിക്കുമെന്നും കമ്പനിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അഹാന പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍