സര്‍ക്കാര്‍ ചെലവില്‍ മതപഠനം വേണ്ട, മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാന്‍ അസം

ഗുവാഹത്തി: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റാന്‍ അസം സര്‍ക്കാരിന്റെ നീക്കം. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഇവയൊക്കെ ഹൈസ്‌കൂളുകളും ഹയര്‍സെക്കന്ററി സ്‌കൂളുകളുമായി മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വേദം, അറബി പോലുള്ള ഭാഷകള്‍ തുടങ്ങിയവ പഠിപ്പിക്കുന്നത് ഒരു മതേതര സര്‍ക്കാരിന് ചേര്‍ന്നതല്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു മതേതര സ്ഥാപനമായതിനാല്‍, മതപരമായ അദ്ധ്യാപനത്തില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ല.
മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാരണം കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കം' പുതിയ തീരുമാനം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അസം സര്‍ക്കാര്‍ തന്നെയാണ് സംസ്ഥാനത്തെ മിക്ക മദ്രസകളും സംസ്‌കൃതപഠനശാലകളും നിയന്ത്രിച്ചിരുന്നത്. ഇതിന്റെ ഫലമായി 1200 മദ്രസകളും 200 സംസ്‌കൃത പാഠശാലകളുമാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം സ്‌കൂളുകളാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, ഈ നിയമം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമാകില്ല. മതപഠനശാലകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ 14 വയസിന് താഴെയുള്ളവരായതിനാല്‍, അവരെ എവിടെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് പലപ്പോഴും തീരുമാനിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. മതപഠനത്തിലെ അമിതഭാരം കാരണം ഒരു വിദ്യാര്‍ത്ഥിക്കും പൊതുവിദ്യാഭ്യാസം നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഒരു നിയന്ത്രണം കൊണ്ടുവരും, മതപരമായ പഠനത്തിനൊപ്പം നിര്‍ബന്ധിത പൊതുവിദ്യാഭ്യാസം നല്‍കാനും സ്വകാര്യ മദ്രസകളോട് ആവശ്യപ്പെടും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍