ഇന്ത്യന്‍ ബഹിഷ്‌കരണത്തില്‍ പതറി മലേഷ്യ; പാകിസ്ഥാനുമായി കൂട്ടുചേര്‍ന്ന് പുതിയ തന്ത്രം മെനയുന്നു

ക്വാലാലംപൂര്‍: പാം ഓയിലില്‍ ഇന്ത്യയിലെ വ്യാപാരികളുടെ ബഹിഷ്‌കരണം തുടരുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മലേഷ്യ കടന്നുപോകുന്നത്.
ഐക്യരാഷ്ട്ര സഭയിലടക്കം പാകിസ്ഥാന്‍ കൊണ്ടുവരുന്ന ഇന്ത്യ വിരുദ്ധ പ്രമേയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ഇന്ത്യന്‍ വ്യാപാര സമൂഹം ബഹിഷ്‌കരണവുമായി രംഗത്തെത്തുകയായിരുന്നു.
ഈ സാഹപര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം പാക്കിസ്ഥാന്‍ ശക്തമാക്കാനൊരുങ്ങുകയാണ്. കശ്മീര്‍ വിഷയത്തില്‍ എടുത്ത നിലപാടിന്റെ പേരില്‍ മലേഷ്യയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാന്‍ഖാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇമ്രാന്‍ഖാന്‍ നടത്തിയ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ തീരുമാനമായത്. മലേഷ്യന്‍ ഇറക്കുമതിയില്‍ ഇന്ത്യ വിലക്കു വെച്ചിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ അതിനെ മറികടക്കാന്‍ തയ്യാറാവുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ മഹാതീര്‍ മുഹമ്മദ് കശ്മീര്‍ വിഷയമോ പൗരത്വ വിഷയമോ പരാമര്‍ശിച്ചിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.
ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിര്‍ മുഹമ്മദിന്റെ പരമാര്‍ശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. മലേഷ്യയുമായി മികച്ച വ്യാപാര ബന്ധമായിരുന്നു ഇന്ത്യയ്ക്കുള്ളത്. ലോകത്തെ രണ്ടാമത്തെ വലിയ പാമോയിലില്‍ ഉത്പാദക രാജ്യമായ മലേഷ്യയില്‍ നിന്നുമാണ് ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത്.
എന്നാല്‍ മഹാതിര്‍ മൊഹമ്മദിന്റെ വിവാദ പ്രസംഗത്തിനുശേഷം മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്.
മലേഷ്യന്‍ പാമോയില്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഏറ്റവുമധികം പാമോയില്‍ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍