ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ മത്സരം ഇന്ന്

കൊച്ചി:ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈയുമായുള്ള എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 31ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്തെങ്കിലും തോല്‍ക്കാനായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഇനിയുള്ള നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാലും പ്ലേ ഓഫിന് സാധ്യത വളരെ നേരിയതാണ്. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കുകയും ഭാഗ്യം തുണക്കുകയും ചെയ്താല്‍ പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കാന്‍ നാല് ടീമുകളാണ് മത്സരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിക്ക് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ചെന്നൈയുമായുള്ള എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.കൊച്ചിയിലെ അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഗോള്‍മഴപെയിച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിരാശപ്പെടുത്തില്ല എന്നാണ് ആരാധകരുടെ പ്രതീക്ഷ. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തിലെ മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഷന്‍ നേരിടുന്ന പരിശീലകന്‍ എല്‍കോ ഷാട്ടോരിയുടെ അസാന്നിധ്യത്തിലാവും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍