ശബരിമല: വിര്‍ച്വല്‍ക്യൂ ബുക്കിംഗ് പൂര്‍ണതോതിലാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: അടുത്ത തീര്‍ത്ഥാടനകാലം മുതല്‍ ശബരിമലയില്‍ വെര്‍ച്വല്‍ക്യൂ ബുക്കിംഗ് സംവിധാനം പൂര്‍ണതോതില്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
അംഗീകരിച്ചാല്‍ മാര്‍ച്ച് 15 ഓടെ ഈ സംവിധാനം ഏര്‍പ്പെടുത്തും. ശബരിമല സുരക്ഷാ അവലോകനയോഗത്തിലാണ് പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ അംഗീകരിച്ചാല്‍ വെര്‍ച്വല്‍ക്യൂവിനായി സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുളള അഞ്ചംഗ ഉന്നതതല സംഘം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ അവിടത്തെ അധികൃതരുടെ സഹായം തേടും. ആവശ്യമാണെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയും മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. പാര്‍ക്കിംഗ് സംവിധാനം, ഗതാഗത സംവിധാനം മെച്ചപ്പെടുത്തല്‍, ഭക്തരെ നിയന്ത്രിക്കല്‍, സുരക്ഷാസംവിധാനം ശക്തിപ്പെടുത്തല്‍ എന്നീ വിഷയങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചര്‍ച്ച ചെയ്തു. എ.ഡി ജി.പിമാരായ ടോമിന്‍.ജെ.തച്ചങ്കരി, ഡോ. ഷേക്ക് ദര്‍വേഷ് സാഹേബ്, മനോജ് എബ്രഹാം എന്നിവരും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍