രാമക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി;രാമ ക്ഷേത്രം നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. അയോധ്യ കേന്ദ്രീകരിച്ച് ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സുന്നി വഖഫ് ബോര്‍ഡിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്കു പുറത്തായിരിക്കും പള്ളി.തര്‍ക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ പറയുന്നു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുക. സ്വതന്ത്രമായി ട്രസ്റ്റിന് പ്രവര്‍ത്തിക്കാമെന്നും മോദി പറയുന്നു.
മാത്രമല്ല സുന്നിവഖഫ് ബോര്‍ഡിന് സുപ്രീം കോടതി വിധിപ്രകാരമുള്ള അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിര്‍ദ്ദേശം യു.പി സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു.
സഭയിലുള്ള എല്ലാ അംഗങ്ങളും ക്ഷേത്രനിര്‍മാണത്തിന് സഹകരിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. നമ്മളെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇത് ഇന്ത്യയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന തത്വത്തിലാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍