റേഷന്‍ വിതരണ രംഗത്ത് പുതിയ ആശയങ്ങള്‍ ഉണ്ടാകണം: മന്ത്രി പി. തിലോത്തമന്‍

കരുനാഗപ്പള്ളി: റേഷന്‍ വിതരണ രംഗത്ത് പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകണമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഇ പോസ് മെഷീന്‍ സ്ഥാപിച്ചതിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റേഷന്‍ വിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൊതു വിതരണം കുറ്റമറ്റതാക്കുന്നതിനായി ഓരോ വര്‍ഷവും 1600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. റേഷന്‍ വ്യാപാരികള്‍ 100 ശതമാനം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ റേഷന്‍ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് കളരിയ്ക്കല്‍ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുരേന്ദ്രന്‍, കെ.ബി.ബിജു, എന്‍. ഷിജീര്‍, കെ. പ്രമോദ്, വി. ശശിധരന്‍, എന്‍.മോഹനന്‍, ആര്‍. സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി എം. വേണുഗോപാല്‍ സ്വാഗതവും എ.കെ. ആനന്ദ്കുമാര്‍ നന്ദിയും പറഞ്ഞു. കവി സിയാദ് കാട്ടയ്യം പൊതു വിതരണ മേഖലയെ കുറിച്ച് തയ്യാറാക്കിയ കവിത ആലപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍