വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം വരുമോ?

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ വിദേശരാജ്യങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുമ്പോള്‍ നമ്മള്‍ ഇപ്പോഴും നല്ലബുദ്ധി ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് നടപ്പിലാക്കുമെന്നു പറഞ്ഞ ജി.പി.എസ് സംവിധാനംപോലും ഇതുവരെ ആയിട്ടില്ല. ഇരുചക്ര വാഹനങ്ങളും ആട്ടോറിക്ഷകളും ഒഴികെ ജി.പി.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് (വി.എല്‍.ടി.ഡി.) നിര്‍ബന്ധിതമാക്കാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നത്. ആറ് മാസം മുമ്പ് ജി.പി.എസ് ഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ടാക്‌സി തൊഴിലാളി സംഘടനകളും ബസ് ഉടമകളുടെ സംഘടനകളും എതിര്‍പ്പുമായി എത്തി. തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചു. കേന്ദ്രനിര്‍ദ്ദേശ പ്രകാരമുള്ള പദ്ധതി നടപ്പിലാക്കാനുള്ള അവസാന തീയതി പലവട്ടം നീട്ടിവച്ചു. കേരളം അശ്രദ്ധ കാട്ടിയെന്ന് കാണിച്ച് ഉപരിതല ഗതാഗത വകുപ്പ് ഡിസംബറില്‍ കത്തയച്ചു. ശേഷം രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ തീരുമാനിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയെങ്കിലും നടപ്പിലായോ എന്ന തരത്തില്‍ പരിശോധനകള്‍ ഒന്നും നടന്നില്ല. ജി.പി.എസ് ഘടിപ്പിച്ചതുകൊണ്ടു മാത്രം അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. മറ്റു തൊഴിലുകള്‍ പോലെ ഡ്രൈവിംഗും എട്ടു മണിക്കൂറായി നിജപ്പെടുത്തണം. അത് നിരീക്ഷിക്കാന്‍ സംവിധാനം വേണം. അത്തരം സംവിധാനങ്ങള്‍ വിദേശ രാജ്യങ്ങളിലുണ്ട്. ജി.പി.എസുമായി ബന്ധപ്പെടുത്തുന്ന ഡ്രൈവര്‍ യൂസര്‍ കാര്‍ഡാണ് അതിലൊന്ന്. ഈ കാര്‍ഡുപയോഗിച്ചാലേ വാഹനം ഓടിക്കാന്‍ കഴിയൂ. എട്ടു മണിക്കൂറാകുമ്‌ബോഴേക്കും വാണിംഗ് ബെല്‍ മുഴങ്ങും. അതു കഴിയുമ്പോള്‍ വണ്ടി നിറുത്താന്‍ ആവശ്യം വരും. പിന്നെയും ഓടിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ കിട്ടുന്ന സന്ദേശം അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് വണ്ടി തടയാന്‍ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍