സമാധാനത്തിന് ആഹ്വാനവുമായി സോണിയ, പ്രിയങ്ക

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ജനങ്ങള്‍ സംയമനം പാലിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ക്രമസമാധാനം പുലര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്നു പ്രിയങ്ക ഗാന്ധിയും അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ വിജയിക്കാനാവില്ല സോണിയ പറഞ്ഞു. അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മഹാത്മാ ഗാന്ധിയുടെതു സമാധാനത്തിന്റെ രാഷ്ട്രമാണ്. സമാധാനം പാലിക്കാന്‍ ഞാന്‍ ഡല്‍ഹിക്കാരോട് അഭ്യര്‍ഥിക്കുകയാണ്. ക്രമസമാധാനം പുലര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം പ്രിയങ്ക ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ അക്രമത്തെ അപലപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഭജന്‍പുരയില്‍ രാത്രി വൈകിയും അക്രമങ്ങള്‍ തുടരുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവര്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലിനിടെ, അക്രമികള്‍ പോലീസിനു നേര്‍ക്ക് തോക്കു ചൂണ്ടി വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തോക്കുമായി എത്തിയ യുവാവ് എട്ടു റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍