ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വസ്ത്രങ്ങള്‍ എല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നു രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.വീട്ടില്‍നിന്ന് കുറെ അകലത്തുള്ള ആറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്മ തുണി കഴുകാന്‍ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികള്‍. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവര്‍ പറയുന്നു. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. വന്‍ജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്. രാവിലെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ വന്‍ജനാവലിയാണ് വീട്ടിലും പരിസരത്തും തടിച്ചുകൂടിനില്‍ക്കുന്നത്.ഇവരെല്ലാംതന്നെ കുട്ടിയുടെ മരണത്തിലെ ആശങ്കപോലീസിനെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍