സുരക്ഷിത റോഡ് യാത്രയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകളുടെ രാത്രിയാത്ര പ്രോത്സാഹിപ്പിക്കുന്നവര്‍ സുരക്ഷിത റോഡ് യാത്രയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു ഹൈക്കോടതി. പുരുഷന്മാര്‍ക്കുപോലും രാത്രി റോഡിലൂടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തെരുവുവിളക്കുകള്‍ പലതും കത്തുന്നില്ല. എറണാകുളം നഗരം രാത്രി എട്ടോടെ വിജനമാകും. ഇതെല്ലാം ശരിയാക്കി റോഡുകള്‍ സുരക്ഷിതമാക്കുകയാണ് ആദ്യം വേണ്ടതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്. റോഡ് മോശമായതുകൊണ്ട് യാത്ര ഒഴിവാക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നു കോടതി പറഞ്ഞു. കേരളത്തിന്റെ ഗേറ്റ് വേയെന്നറിയപ്പെടുന്ന പാലക്കാട്ടേക്ക് പോകാന്‍ മൂന്നു ദിവസം മുമ്പേ യാത്ര പ്ലാന്‍ ചെയ്യണം. കുതിരാനിലൂടെ പോകാന്‍ കഴിയില്ല. എല്ലായിടത്തും ഗതാഗതക്കുരുക്കുകള്‍. പ്രളയവും മഴയുമാണ് റോഡ് തകരാന്‍ കാരണമെന്ന് ഇനി പറയരുത്. തകര്‍ന്ന റോഡു നിമിത്തം അപകടമുണ്ടായി യുവാവ് മരിച്ച സംഭവത്തില്‍ നിങ്ങളാണ് ഉത്തരവാദികളെന്ന് ഉദ്യോഗസ്ഥരോടു പറയുന്ന ഒരു സര്‍ക്കുലറെങ്കിലും സര്‍ക്കാര്‍ ഇറക്കിയോ റോഡ് തകര്‍ന്ന് അപകടം സംഭവിച്ചാല്‍ തങ്ങള്‍ക്കും ശിക്ഷ കിട്ടുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയമുണ്ടാകണം. ഉത്തരവാദിത്വം മറക്കുന്ന ഇക്കൂട്ടരെ ഓര്‍മപ്പെടുത്തുന്ന ജോലിയാണ് കോടതി ഇപ്പോള്‍ ചെയ്യുന്നത്. കനത്ത പിഴ ഇവരില്‍നിന്ന് ഈടാക്കുന്ന സ്ഥിതിയുണ്ടായാല്‍ ഗൗരവം ഉദ്യോഗസ്ഥര്‍ക്കു മനസിലാകും. റോഡ് നിര്‍മാണത്തിന് പണം ഇല്ലെന്ന സര്‍ക്കാരിന്റെ ന്യായം പൊതുജനങ്ങള്‍ക്ക് അറിയേണ്ട. നികുതി നല്‍കുന്നവരാണ് അവര്‍. പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ അപകടത്തില്‍ ആളുകള്‍ മരിച്ചാല്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണ്. ആളുകള്‍ മരിച്ചാലേ സഹായിക്കൂ എന്നാണോ നിലപാടെന്നും ഹൈക്കോടതി ചോദിച്ചു. നല്ല റോഡുകള്‍ ഭരണഘടനാപരമായ അവകാശമാണ്. ടെണ്ടര്‍ ബില്‍ പാസാക്കുന്നതാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നാണ് എന്‍ജിനീയര്‍മാര്‍ ധരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി വാക്കാല്‍ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍