ഇഷ്ടമില്ലെങ്കില്‍ കാണേണ്ട, സിനിമ ചെയ്യരുതെന്ന് പറയാന്‍ നിങ്ങളാര്:വിദ്യ ബാലന്‍

 മുംബൈ: സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട ബോളിവുഡ് ചിത്രം കബീര്‍ സിംഗിനെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി വിദ്യ ബാലന്‍. കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുകയാണു വേണ്ടതെന്നും ഒരു സിനിമ ചെയ്യരുതെന്നു നടനോട് പറയാന്‍ ആര്‍ക്കാണു കഴിയുകയെന്നുമാണ് വിദ്യയുടെ വാദം. കബീര്‍ സിംഗ് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ മഹത്വവത്കരിക്കുന്നതായി തനിക്കു തോന്നിയിട്ടില്ല. അതു കബീര്‍ സിംഗിന്റെ കഥ പറയുന്ന സിനിമ മാത്രമാണ്. ഇത്തരം കബീര്‍ സിംഗുമാര്‍ ലോകത്ത് ധാരാളമുണ്ട്. നിങ്ങള്‍ക്കു കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കാം. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്. ഒരു കാര്യവുമില്ലാതെ ചിലര്‍ അഭിപ്രായം പറയുകയാണെന്നും മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെ വിദ്യ കുറ്റപ്പെടുത്തി. നേരത്തെ കബീര്‍ സിംഗിനെയും അതിന്റെ ഒറിജിനല്‍ പതിപ്പായ അര്‍ജുന്‍ റെഡ്ഡിയെയും വിമര്‍ശിച്ച് മലയാള നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവരും സനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ റെഡ്ഡിയില്‍ പ്രധാനകഥാപാത്രമായി വേഷമിട്ട വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തിയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍