രണ്ട് വമ്പന്‍ രാജ്യങ്ങളെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി. അമേരിക്കയിലെ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഇന്ത്യയിലെ സാമ്പത്തിക നയത്തില്‍ മാറ്റങ്ങള്‍ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുകയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ 2.94 ലക്ഷം കോടി യു.എസ് ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി. അതേസമയം ബ്രിട്ടന്റേത് 2.83 ലക്ഷം കോടി യു.എസ് ഡോളറും ഫ്രാന്‍സിന്റേത് 2.71 ലക്ഷം കോടി യു.എസ് ഡോളറുമാണ്.വാങ്ങല്‍ ശേഷിയില്‍ (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യയുടെ ജി.ഡി.പി 10.51 ലക്ഷം കോടി യു.എസ് ഡോളറിലെത്തി. അതേസമയം ഇന്ത്യയുടെ ജി,.ഡി.പി വളര്‍ച്ചയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവുണ്ടാകുമെന്ന് (7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക്) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.1990കളിലെ പുത്തന്‍ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യു.എസ് കേന്ദ്രമായിട്ടുള്ള വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്ര സ്ഥാപനമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍