ഇനി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ തന്നെ

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയില്‍ രാഹുല്‍ അടിച്ചുകൂട്ടിയത് രണ്ട് അര്‍ധസെഞ്ചുറിയുള്‍പ്പെടെ 224 റണ്‍സ് ആണ്. വിക്കറ്റിനു പിന്നില്‍ മിന്നും സ്റ്റംപിംഗും റണ്ണൗട്ടുമായും രാഹുല്‍ കഴിവ് തെളിയിച്ചു. അതിനെല്ലാമുള്ള അംഗീകാരമായി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തെത്തന്നെ. ഒരു ട്വന്റി20 പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി20 പരമ്പരയില്‍ 200 റണ്‍സിലേറെ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരവും രാഹുലാണ്. 2016ല്‍ ഓസീസിനെതിരായ മൂന്നു മത്സര പരമ്പരയില്‍ 199 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയാണ് രാഹുല്‍ മറികടന്നത്.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ 45, 39, 27, 57*, 56 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍. ഇതോടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം രാഹുല്‍ സ്വന്തമാക്കി.
മൊസാംബിക് താരം ഡാമിയോ കൗവാന (2019-20ല്‍ മലാവിക്കെതിരേ), ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ (2017-18ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ) എന്നിവരുടെ പേരിലുണ്ടായിരുന്നു 223 റണ്‍സ് എന്ന റിക്കാര്‍ഡാണ് രാഹുലിനു മുന്നില്‍ വഴിമാറിയത്.
ഒരു ട്വന്റി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പുരുഷ ടീം വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. 2010, 2016 ട്വന്റി20 ലോകകപ്പുകളില്‍ 222 റണ്‍സ് വീതമെടുത്ത ക്രെയ്ഗ് കീസ്വെറ്റര്‍, മുഹമ്മദ് ഷെഹ്‌സാദ് എന്നിവരുടെ നേട്ടമാണ് രാഹുല്‍ മറികടന്നത്. 2018ലെ വനിതാ ട്വന്റി20 ലോകകപ്പില്‍ 225 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ എലീസ ഹീലിയാണ് ഒന്നാമത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍