രണ്ടാം ടെസ്റ്റില്‍ പൃഥ്വിഷാ കളിക്കുന്നത് സംശയത്തില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരേ നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് പരിക്കില്‍ ആശങ്ക. ഇടതുകാലില്‍ നീര്‍ക്കെട്ട് ബാധിച്ചതിനെ തുടര്‍ന്ന് യുവതാരം പൃഥ്വി ഷാ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയില്ല. കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം നെറ്റ് സെഷനില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിനു തയാറെടുക്കുന്ന ഇന്ത്യക്ക് യുവതാരത്തിന്റെ പരിക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. അതേസമയം രണ്ടാം ടെസ്റ്റില്‍ താരത്തിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നീരിന് കാരണമെന്തെന്നറിയാന്‍ ഷായെ രക്ത പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷായ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ശുഭ്മാന്‍ ഗില്ലിന് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള വഴിയൊരുങ്ങും. നേരത്തെ ഇന്ത്യ എ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ഗില്‍. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഗില്‍ ബാറ്റിംഗ് പരിശീലനം നടത്തിയത്. ഗില്ലിന് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ട് ശാസ്ത്രി ഒപ്പമുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും ഷായ്ക്കു മികച്ച സ്‌കോര്‍ നേടാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍