ഡല്‍ഹിയില്‍ അജിത് ഡോവലിന് ചുമതല, സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി: പ്രധാനമന്ത്രിയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കി. കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. നഗരത്തിലെ സ്ഥിതിഗതികള്‍ ഡോവല്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും. ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വിവിധ സമുദായനേതാക്കളുമായി അജിത് ഡോവല്‍ സംസാരിച്ചു. രണ്ട് ദിവസമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ചേരിതിരിഞ്ഞ് നടത്തുന്ന ഏറ്റുമുട്ടല്‍ വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വഴിമാറുകയും, കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ടുള്ള ആക്രമണങ്ങളും വെടിവയ്പും കല്ലേറും കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തീവച്ചു. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. പൊലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമങ്ങളും കൊള്ളിവയ്പും തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍