ജിഡിപി വളര്‍ച്ച: മുരടിപ്പ് തുടരുന്നു

മുംബൈ: ഡിസംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ചയുടെ കണക്ക് നാളെ പുറത്തുവരും. സാമ്പത്തികരംഗത്തെ തളര്‍ച്ച തുടരുന്നു എന്നു കാണിക്കുന്നതാകും കണക്ക് എന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) ആണ് കണക്ക് പുറത്തുവിടുക. 2019-20 ലെ ജൂണ്‍ ത്രൈമാസത്തില്‍ അഞ്ചും സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 4.5 ഉം ശതമാനമായിരുന്നു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ച. ഇത് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയാണ്. തലേവര്‍ഷം തുടക്കത്തിലെ ത്രൈമാസത്തിലെ വളര്‍ച്ചയുടെ പകുതിക്കടുത്തായിരുന്നു സെപ്റ്റംബര്‍ ത്രൈമാസ വളര്‍ച്ച. ഒക്‌ടോബര്‍ഡിസംബര്‍ ത്രൈമാസം 4.7 ശതമാനം വളര്‍ച്ചയാണ് റോയിട്ടേഴ്‌സിന്റെ സര്‍വേയില്‍ എത്തിയ നിഗമനം. അഞ്ചുശതമാനത്തില്‍ താഴയേ വളര്‍ച്ചയുണ്ടാകൂ എന്നു സര്‍വേയില്‍ പങ്കെടുത്ത ധനശാസ്ത്രജ്ഞരില്‍ 90 ശതമാനം പേരും പറഞ്ഞു. സര്‍വേയിലെ ശരാശരി നിഗമനമാണ് 4.7 ശതമാനം. കാര്‍ഷികമേഖലയിലെ ചെറിയ ഉണര്‍വും വര്‍ധിച്ച സര്‍ക്കാര്‍ ചെലവുകളുമാണ് ഇത്രയെങ്കിലും വളര്‍ച്ച സാധ്യമാക്കുന്നതത്രേ. സാമ്പത്തിക മുരടിപ്പ് സെപ്റ്റംബറോടെ കഴിഞ്ഞെന്ന് അവര്‍ കരുതുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍