നദീജല ടൂറിസം രംഗത്ത് പുതുകാല്‍വയ്പുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: പുഴ നേരിടുന്ന പ്രശ്‌നങ്ങള്‍,പുഴ ടൂറിസം സാധ്യതകള്‍, പ്രളയാനന്തര കാഴ്ചകള്‍, പുനര്‍നിര്‍മാണ രീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്.
നദീജല ടൂറിസം വികസനസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കവണക്കല്ല് റഗുലേറ്റര്‍ ബ്രിഡ്ജില്‍ നിന്ന് ആരംഭിച്ച് ചാലിയാര്‍, ഇരവഞ്ഞിപ്പുഴ മുക്കം വരെ ബോട്ടില്‍ യാത്ര ചെയ്തായിരുന്നു ശില്‍പ്പശാല. ജനപ്രതിനിധികള്‍ക്കൊപ്പം ഉദ്യോഗസ്ഥരും പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും പഠനസംഘത്തിലുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാബു പറശേരി പറഞ്ഞു. ചാലിയാര്‍, ഇരുവഞ്ഞിപുഴ ഭാഗത്ത് മണലെടുത്ത് ജീവിക്കുന്ന മണല്‍ തൊഴിലാളികള്‍ക്ക് അവരുടെ തോണി ഉപയോഗിച്ച് വിനോദസഞ്ചാര യാത്ര സംഘടിപ്പിക്കല്‍, ചാലിയാറിന്റെ തീരത്തെ വീടുകളില്‍ പേയിംഗ് ഗസ്റ്റ് സംവിധാനമൊരുക്കല്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി ഇന്‍ ചാര്‍ജ് വി. ബാബു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ. അജിത, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍ ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ എ.കെ. ബാലന്‍, അഹമ്മദ് പുന്നക്കല്‍, സി.കെ. കാസിം, ഷറഫുന്നീസ, എം.പി. അജിത, വി. ഷക്കീല, വി.ടി. ഉഷ, ഭാനുമതി, ജുമൈലത്ത്, ശ്രീജ പുല്ലിരിക്കല്‍, പി.കെ. ശാലിനി, രജനി തടത്തില്‍, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ഗ്രീന്‍ഗാര്‍ഡന്‍ ഉസ്സന്‍, ആസാദ് മുക്കം എന്നിവര്‍ പങ്കെടുത്തു. ഹാമിദലി വാഴക്കാട് പുഴ പഠനത്തിന് നേതൃത്വം നല്‍കി. യാത്രയിലുടനീളം നടന്ന കലാപരിപാടികളില്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍