ദമ്പതികളെ കെട്ടിയിട്ടു കവര്‍ച്ച; കളവുമുതലുകള്‍ വിറ്റത് ബംഗ്ലാദേശില്‍

കണ്ണൂര്‍: കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വാടകവീട്ടില്‍ വച്ച് കെട്ടിയിട്ടശേഷം ക്രൂരമായി ആക്രമിച്ചു കവര്‍ന്ന സ്വര്‍ണാഭരണം വിറ്റഴിച്ചത് ബംഗ്ലാദേശിലെന്ന് മുഖ്യപ്രതിയുടെ മൊഴി. ബംഗ്ലാദേശ് സ്വദേശി ഇല്യാസ് ഷിക്കാരി (36)യെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ബംഗ്ലാദേശ് സ്വദേശി അന്‍വറാണ് കവര്‍ച്ചാമുതലുകള്‍ ഈ സംഘത്തില്‍നിന്നു വാങ്ങിയത്. പവന് 5000 രൂപ മാത്രമേ ഇയാള്‍ നല്‍കാറുള്ളൂവെന്നും ഇല്യാസ് മൊഴി നല്‍കി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി ഈ മാസം 17 വരെയാണ് സിറ്റി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍, സിറ്റി സിഐ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലുമായി പലപ്പോഴും ഇല്യാസ് സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. മൊത്തം പതിമൂന്നര പവന്‍ സ്വര്‍ണാഭരണം മാത്രമാണ് തങ്ങള്‍ക്കു ലഭിച്ചതെന്നാണ് ഇല്യാസ് മൊഴിനല്‍കിയത്. ആറുപേര്‍ 18 ഗ്രാം വീതം വീതിച്ചെടുത്തുവെന്നാണ് മൊഴി. കൂടാതെ 23,000 രൂപയും ലാപ്‌ടോപ്പും കവര്‍ന്നതായും ഇയാള്‍ സമ്മതിച്ചു. ലാപ്‌ടോപ്പ് കവര്‍ച്ചചെയ്ത പ്രതികളില്‍ ഒരാളുടെ സഹോദരന് നല്‍കിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോല്‍ക്കൊത്ത എമിഗ്രേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇല്യാസിനെ വലയിലാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍