ലോകം മുഴുവന്‍ ഭീതിയിലിരിക്കെ കൊറോണയുടെ ഉത്ഭവം പുറത്തുവിടാതെ ചൈന

ബീജിംഗ്: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയാണോ ഇന്ത്യക്കാരുള്‍പ്പെടെ ചൈനയില്‍ താമസിക്കുന്നവര്‍ ആശങ്കയോടെ കഴിയുമ്പോഴും കാര്യമായി വിവരങ്ങള്‍ പുറത്തുവരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തിക്കാനായി. കൊറോണ വൈറസിനെ തടയാന്‍ എല്ലാ മുന്‍കരുതലും പ്രതിരോധവും എടുത്തുവെന്ന് പറയുമ്പോഴും അതുസംബന്ധിച്ച കാര്യമായ വാര്‍ത്തകളൊന്നും ചൈനയില്‍ നിന്ന് പുറത്തുവരുന്നില്ല.
മരണ നിരക്കുകളിലും അസുഖബാധിതരുടെ കാര്യത്തിലുമെല്ലാം ശരിയായ കണക്കുകളാണോ പുറത്തുവരുന്നത് എന്നുപോലും ചില ഭാഗങ്ങളില്‍ നിന്ന് സംശയങ്ങള്‍ ഉയരുന്നുണ്ട്. പൊതുവേ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ മിടുക്ക് കാട്ടാറുള്ള ചൈന ഇക്കാര്യത്തിലും വസ്തുതകള്‍ മറച്ചുവയ്ക്കുകയാണോ എവിടെ നിന്നാണ് കൊറോണ ബാധയുടെ ഉത്ഭവം എന്നകാര്യംപോലും ഇതുവരെ ചൈനവിട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രം. അത് നിഷേധിക്കാനോ, സമ്മതിക്കാനോ ചൈന തയാറായിട്ടുമില്ല. കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്തുചാടിയ ജൈവായുധമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അതിനിടെയുണ്ടായി. എന്നിട്ടും പക്ഷേ, അതിനൊന്നും ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
രാജ്യത്ത് വൈറസ് ബാധ നിയന്ത്രണ വിധേയമെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. പക്ഷേ, എങ്ങനെയാണ് രോഗ ബാധ നിയന്ത്രണവിധേയമാക്കിയതെന്ന വിവരം ലഭ്യമല്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരെ പ്രത്യേക ആശുപത്രികളിലേക്കാണ് മാറ്റുന്നത്. വിദഗ്ദ്ധരടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് ഇവരെ ചികിത്സിക്കുന്നതും. എന്നാല്‍, അതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അന്താരാഷ്ട്ര മാര്‍ഗരേഖകള്‍ അനുശാസിക്കുന്ന കൃത്യവും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നു എന്നുമാത്രമേ ചൈനീസ് അധികൃതര്‍ പറയുന്നുള്ളൂ. ലോകം മുഴുവന്‍ ഈ രോഗത്തിന്റെ ഭീതിയിലിരിക്കെ കൊറോണയെ പിടിച്ചുകെട്ടാന്‍ എന്തുമാര്‍ഗമാണ് പ്രയോഗിച്ചതെന്ന് പുറത്തുവിടേണ്ടതല്ലേ എന്ന ചോദ്യത്തിനൊന്നും ചൈനയെ സംബന്ധിച്ചിടത്തോളം ഒരു പ്രസക്തിയുമില്ല.
രോഗബാധിതരായ സ്വന്തംരാജ്യക്കാരെ കൊണ്ടുപോകാനെത്തുന്ന വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതിപോലും പലപ്പോഴും ചൈന നല്‍കുന്നില്ല. രോഗം മറ്റുരാജ്യങ്ങളിലേക്ക് എത്തുന്നത് തടയാനാണിത് ചെയ്യുന്നതെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞമാസം ഇരുപത്തിമൂന്നിനാണ് ഹുബെ പ്രവിശ്യയിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍